സിഡ്നിയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യയ്ക്ക് പ്രയാസകരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്താൻ മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ സജീവമാക്കാനും ഇന്ത്യക്ക് തീർച്ചയായും സിഡ്നിയിൽ വിജയിക്കേണ്ടതുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ പോലും അനിശ്ചിതത്വം തുടരുന്നുവെന്നാണ് റിപ്പോർട്ട്. രോഹിത് ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞത്, പിച്ച് കണ്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നാണ്.
പ്ലേയിംഗ് ഇലവനിൽ രോഹിത് ശർമ കളിക്കുമോ എന്ന് ഉറപ്പില്ല. ജസ്പ്രീത് ബുംറയ്ക്ക് ക്യാപ്റ്റൻ പദവി തിരികെ നൽകി രോഹിത് സ്വയം പിന്മാറാനുള്ള സാധ്യതയുമുണ്ട്. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 31 റൺസ് മാത്രമാണ് രോഹിത് നേടിയത്. ഓപ്പണിങ്ങിലും മധ്യനിരയിലും ടീമിനായി സ്കോർ ചെയ്യുന്നതില്‍ രോഹിത് പരാജയപ്പെട്ടു. രോഹിതിനെ ഒഴിവാക്കിയാൽ ശുഭ്മാൻ ഗിൽ ഇലവനിൽ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കിൽ, കെ എൽ രാഹുൽ ഓപ്പണിംഗിലേക്ക് മടങ്ങും.
വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിന് വേണ്ടി ഋഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്നാണ് മറ്റൊരു അഭ്യൂഹം. പരമ്പരയിലുടനീളം ഒരു അർധസെഞ്ചുറി പോലും നേടാൻ പന്തിന് കഴിഞ്ഞിരുന്നില്ല. നാലാം ടെസ്റ്റിൽ രണ്ട് തവണയും അനാവശ്യഷോട്ടിലൂടെ പുറത്തായതിന് ശേഷം, ദ ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് പന്തിനെ ടീമിൽ നിന്നൊഴിവാക്കുമെന്നാണ്.
ടീമിൽ ഒരു മാറ്റം സംഭവിക്കുമെന്ന് ഉറപ്പാണ്. പേസർ ആകാശ് ദീപിന് നട്ടെല്ലിന് പ്രശ്‌നമുണ്ടെന്നും അഞ്ചാം ടെസ്റ്റിൽ നിന്ന് പുറത്തിരിക്കുമെന്നും ഗംഭീർ സ്ഥിരീകരിച്ചു. അതിനാൽ ഹർഷിത് റാണയ്ക്ക് ടീമിൽ തിരിച്ചെത്താനാകും. അല്ലെങ്കില്‍ പ്രസിദ് കൃഷ്ണയ്‌ക്ക് ഒരവസരം ലഭിച്ചേക്കാം. എന്നാൽ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിലെ അനുഭവം റാണയ്ക്ക് അനുകൂലമാകും.
വിരാട് കോഹ്‌ലി മികച്ച ടച്ചിൽ ഇല്ലെങ്കിലും, വാഷിംഗ്ടൺ സുന്ദറിന് ബൗളിങ്ങിൽ വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും, രണ്ട് കളിക്കാരും തങ്ങളുടെ സ്ഥാനം നിലനിർത്താൻ സാധ്യതയുണ്ട്. പേസർ മുഹമ്മദ് സിറാജും മികച്ച ഫോമിലല്ല. എന്നാൽ ആകാശ് ദീപിന് കളിക്കാനാകാത്ത സാഹചര്യത്തിൽ അവശേഷിക്കുന്ന പേസ് നിരയിൽ വലിയ മാറ്റം വരുത്താൻ ഇന്ത്യ തയാറായേക്കില്ല.
സിഡ്‌നി ടെസ്റ്റിനായി പ്രവചിക്കപ്പെടുന്ന ഇന്ത്യൻ ടീം : യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ധ്രുവ് ജുറൽ (WK), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പുറത്തിരിക്കേണ്ടിവരുന്നവർ: രോഹിത് ശർമ, ഋഷഭ് പന്ത്, ആകാശ് ദീപ് (പരിക്ക്)