സിഡ്നി: ഇന്ത്യൻ നായകൻ ജസ്പ്രിത് ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. സിഡ്നിയിലെ അഞ്ചാം ടെസ്റ്റില്‍ രണ്ടാം സെഷന്റെ തുടക്കത്തിലാണ് താരം ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. പിന്നാലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് പോവുകയും ചെയ്തിരുന്നു.
എന്താണ് പരിക്കെന്നോ, താരം തുടര്‍ന്ന് കളിക്കുമോ എന്നോ ഉറപ്പായിരുന്നില്ല. നിര്‍ണായക മത്സരമായതിനാല്‍ താരം പന്തെറിയാന്‍ സാധ്യത ഏറെയാണെന്നായിരുന്നു നിഗമനം. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ തയാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പന്തെറിയുന്ന കാര്യത്തില്‍ സംശയമുണ്ട്. ഞായറാഴ്ച രാവിലെ താരത്തിന്റെ ഫിറ്റ്നസ് പരിശോധിച്ച ശേഷം പന്തെറിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബുംറയ്ക്ക് നേരിയ രീതിയില്‍ പുറംവേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വ്യക്തമാക്കിയിരുന്നു. ബുംറ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണെന്നും പ്രസിദ്ധ് പറഞ്ഞു.
ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. പരമ്പരയിലുടനീളം തകര്‍പ്പന്‍ ഫോമിലാണ് ബുംറ. ഇതുവരെ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറായും ബുംറ മാറി.
ശനിയാഴ്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 181ന് അവസാനിച്ചിരുന്നു. പ്രസിദ്ധ കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്. നാല് റണ്‍സ് ലീഡ് ഇന്ത്യക്ക്. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 6 വിക്കറ്റിന് 141 എന്ന നിലയിലാണ്. നിലവിൽ 145 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.