റാഞ്ചി: കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം. റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത് വിലക്ക് നേരിടുന്ന മലപ്പുറം തിരുനാവായ നാവാമുകുന്ദയുടെ താരം ആദിത്യ അജിയാണ്.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലാണ് ആദിത്യ അജി സ്വർണം നേടിയത്. തിങ്കളാഴ്ച നടന്ന 100 മീറ്റർ ഹാർഡിൽസിൽ 14.57 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്. തുടർച്ചയായി രണ്ടാം വർഷമാണ് 100 മീറ്റർ ഹർഡിസിൽ ആദിത്യ ദേശീയ ചാമ്പ്യനാകുന്നത്. കഴിഞ്ഞവർഷം ജൂനിയർ വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസ്, 200 മീറ്റർ എന്നിവയിൽ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും. ഇത്തവണ കൊച്ചിയിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും നൂറിലും ഇരുനൂറിലും വെള്ളിയും നേടിയിരുന്നു.
കോട്ടയം എരുമേലി വാളാഞ്ചിറയിൽ കെ.ആർ അജിമോന്റെയും സൗമ്യയുടെയും മകളാണ് ആദിത്യ. വീണ്ടും സ്വർണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ, വിലക്കിനെക്കുറിച്ച് അറിഞ്ഞപ്പോൾ വലിയ വിഷമമുണ്ടായെന്നുമാണ് ആദിത്യ സ്വർണം നേടിയതിനെ കുറിച്ച് പറഞ്ഞത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളെയാണ് അടുത്തവർഷത്തെ മേളകളിൽനിന്നും വിലക്കിയിരിക്കുന്നത്. സ്കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിയിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.