ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി (Lionel Messi) ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതൽ നവംബര്‍ 2 വരെ അര്‍ജന്റീന (Argentina) താരം കേരളത്തിൽ തുടരുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു.ആരാധകർക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.അര്‍ജന്‍ന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ടീമിനെതിരെയായിരിക്കും കളി.
നേരത്തെ ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീം സൗഹൃദമത്സരം കളിക്കാനായി ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചെങ്കിലും മത്സരത്തിനുള്ള ചെലവ് താങ്ങാനാവില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ക്ഷണം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള കായികമന്ത്രി കേരളത്തില്‍ കളിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ ക്ഷണിച്ചത്.അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചിലവ് മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു നീക്കം. നൂറ് കോടിയിലധികം രൂപ ഇതിനായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ .