മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ജഴ്സിയിൽ ആതിഥേയരായ പാകിസ്ഥാന്റെ പേരുണ്ടാകില്ലെന്ന് അഭ്യൂഹം. ഇതു വ്യക്തമാക്കുന്ന ഒരു ജഴ്സിയുടെ ചിത്രയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രം വൈറലായതോടെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി.‘ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണെന്നും ഇതു നല്ലതിനല്ലെന്നും പിസിബി പ്രതിനിധി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു.‘‘പാകിസ്ഥാനിലേക്ക് വരാൻ അവര്‍ സമ്മതിച്ചില്ല. ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യൻ ക്യാപ്റ്റനെ അയക്കില്ലെന്നും പറയുന്നു. ആതിഥേയ രാജ്യത്തിന്റെ പേര് ജഴ്സിയിൽ പതിക്കില്ലെന്നാണ് ഇപ്പോഴത്തെ വാദം. ഇങ്ങനെയൊന്നു സംഭവിക്കാൻ ഐസിസി അനുവദിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പാകിസ്ഥാനോടൊപ്പം നിൽക്കണം.’’- പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി.
ഫെബ്രുവരി 19 നാണ് ചാംപ്യൻസ് ട്രോഫി തുടങ്ങുന്നത്. പാകിസ്ഥാനാണ് വേദി. എന്നാൽ പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ്. ഫെബ്രുവരി 12 വരെ ടീമില്‍ മാറ്റംവരുത്താന്‍ അവസരമുണ്ട്.