ക്വാലലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ലൻഡിനെ 150 റൺസിന് തകര്‍ത്ത് ഇന്ത്യൻ യുവനിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. സ്കോട്‍ലൻഡിന്റെ മറുപടി 14 ഓവറിൽ 58 റൺസിൽ അവസാനിച്ചു. സൂപ്പർസിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ചതോടെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും സെമിയിൽ കടന്നു. ഗ്രൂപ്പ് രണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമിയിലെത്തിയത്. സെമിഫൈനലുകൾ വെള്ളിയാഴ്ചയും ഫൈനൽ ഞായറാഴ്ചയും നടക്കും.
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഓൾറൗണ്ടർ ഗോംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ല്. രണ്ട് ഓവറിൽ 6 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും പിഴുത് തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് തൃഷ കാഴ്ചവച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സ്കോട്‌ലൻഡിന് തുടക്കം മുതലേ പിഴച്ചു. ഓപ്പണിങ് വിക്കറ്റിൽ 13 റൺസെടുത്ത അവർക്ക്, പിന്നീട് 35 റൺസിനിടെ നഷ്ടമായത് 9 വിക്കറ്റുകളാണ്. 4 വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ല, 3 വിക്കറ്റ് വീതമെടുത്ത വൈഷ്ണവി ശർമ, ഗോംഗാദി തൃഷ എന്നിവരാണ് സ്കോട്‍ലൻഡിനെ തകർത്തത്.
തൃഷ 110 റണ്‍സുമായി പുറത്താകാതെ നിന്നു. സഹ ഓപ്പണർ ജി കമാലിനി അർധസെഞ്ചുറി (51) നേടി. മത്സരത്തിലാകെ 59 പന്തുകൾ നേരിട്ട തൃഷ, 13 ഫോറും 4 സിക്സും സഹിതമാണ് 110 റൺസെടുത്തത്. 53 പന്തിൽ തൃഷ സെഞ്ചുറിയിലെത്തി. 42 പന്തുകൾ നേരിട്ട കമാലിനിയാകട്ടെ, ഒൻപതു ഫോറുകളോടെയാണ് 51 റൺസെടുത്തത്. സനിക ചൽകെ 20 പന്തിൽ അഞ്ച് ഫോറുകളോടെ 29 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ തൃഷ – കമാലിനി സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തു. 81 പന്തുകൾ നേരിട്ട സഖ്യം, 147 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. സ്കോട‌്‌ലൻഡിനായി മയ്സി മസെയ്‌ര ഒരു വിക്കറ്റ് നേടി.