കേരള ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ചതിലും സ്വകാര്യ ചാനൽ ചർച്ചയിൽ സഞ്ജു സാംസണെ പിന്തുണച്ചതിനും വിശദീകരണം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് കെസിഎ വിശദീകരണം ആവശ്യപ്പെട്ടത്. കെസിഎല്ലിൽ കൊല്ലം ഏരീസ് സെയിലേഴ്സ് ടീമിൻറെ സഹ ഉടമയും ടീമിൻറെ ബ്രാൻഡ് അംബാസിഡറുമാണ് ശ്രീശാന്ത്.
ശ്രീശാന്തിന് വ്യക്തിപരമായി അഭിപ്രായം പറയാമെന്നും എന്നാൽ കെസിഎല്ലിലെ ടീമിൻറെ ഭാഗം എന്ന നിലയിൽ അദ്ദേഹം ചില നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്നും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. ശ്രീശാന്ത് ഉടമയായ ടീമിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണ് ഇടം കിട്ടാത്തതിന് പിന്നാലെ കെസിഎയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിൽ നിന്നും സഞ്ജുവിന് ഒഴിവാക്കിയതാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാതെ പോയതിന് കാരണം എന്നായിരുന്നു വിമർശനം. ഇതിനു പിന്നാലെ സഞ്ജു സാംസനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്ത് എത്തിയിരുന്നു.