Saturday, February 22, 2025

HomeSportsമൂന്നാം മത്സരത്തിൽ‌ 142 റൺസ് ജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

മൂന്നാം മത്സരത്തിൽ‌ 142 റൺസ് ജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

spot_img
spot_img

അഹമ്മദാബാദ്: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി ചാമ്പ്യൻസ് ട്രോഫിക്കായി ആത്മവിശ്വാസത്തോടെ ഒരുങ്ങാം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി. 142 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് തുടങ്ങിയത്.  6 ഓവറില്‍ ഇംഗ്ലണ്ട് സ്കോർ 60 റണ്‍സിലെത്തി. പിന്നാലെ 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് പുറത്തായി. ഫിലിപ്പ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി. ടോം ബാന്റൺ(38), ജോ റൂട്ട് (24), ഹാരി ബ്രൂക്ക്(19) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ ഈ ഘട്ടത്തിൽ പിടിമുറുക്കിയ ഇന്ത്യൻ ബൗളർമാർ വിജയവഴിയിൽ‌ ടീമിനെ എത്തിക്കുകയായിരുന്നു. ഗസ് ആറ്റ്ക്കിൻസൺ(38) മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

നേരത്തേ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഇന്ത്യ 356 റണ്‍സ് നേടി. ശുഭ്മാൻ‌ ​ഗില്ലിന്റെ സെഞ്ചുറിയും വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയെ വേഗത്തില്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഹിറ്റ്മാന് ഇന്ന് ഒരു റണ്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യന്‍ സ്കോർ നൂറ് കടന്നു. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ ടീം സ്‌കോര്‍ 122 ല്‍ നില്‍ക്കേ കോഹ്ലിയെ ആദില്‍ റഷീദ് മടക്കി. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സാണ് കോഹ്ലി നേടിയത്. സെഞ്ചുറിയുമായി ഗില്ലും(112) അര്‍ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും(78) മൈതാനത്ത് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തി ആദില്‍ റഷീദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പിന്നാലെയിറങ്ങിയ കെ എല്‍ രാഹുലും (40) ഹാര്‍ദിക് പാണ്ഡ്യയും (17) അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിനടുത്തെത്തി. അക്ഷര്‍ പട്ടേല്‍ (13), വാഷിങ്ടണ്‍ സുന്ദര്‍ (14), ഹര്‍ഷിത് റാണ (13) അര്‍ഷ്ദീപ് സിങ് (2) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. നിശ്ചിത 50ഓവറില്‍ ഇന്ത്യ 356 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 4 വിക്കറ്റെടുത്തു.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടുമത്സരങ്ങളും 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments