Monday, March 10, 2025

HomeSportsഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; ഓസ്ട്രേലിയയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; ഓസ്ട്രേലിയയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി

spot_img
spot_img

ദുബായ്: ഓസ്ട്രേലിയയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 11 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലി സെഞ്ചുറിക്ക് 14 റൺസ് അകലെ വീണെങ്കിലും രാഹുലും ഹാർദിക് പാണ്ഡ്യയും ചേർന്ന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. നാളെ ലാഹോറിൽ നടക്കുന്ന ന്യൂസീലൻഡ്-ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെ വിജയികളെയാകും ഫൈനലിൽ ഇന്ത്യ നേരിടുക. തുടർ‌ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തുന്നത്.

98 പന്തിൽ അഞ്ച് ഫോറുകളോടെ 84 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 62 പന്തിൽ മൂന്നു ഫോറുകൾ സഹിതം 45 റൺസെടുത്ത് പുറത്തായി. 43 റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തിൽ 91 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.

കെ എൽ രാഹുൽ (34 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 42), ഹാർദിക് പാണ്ഡ്യ (24 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 28) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിർണായകമായി. രവീന്ദ്ര ജഡേജ ഒരു പന്തിൽ രണ്ടു റൺസുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു. അവസാന നിമിഷങ്ങളിൽ ചെറിയ തോതിൽ ടെൻഷൻ ഉയർന്നെങ്കിലും, ആദം സാംപ എറിഞ്ഞ 47–ാം ഓവറിൽ ഇരട്ട സിക്സറുമായാണ് പാണ്ഡ്യ സമ്മർദ്ദമകറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും 32 പന്തിൽ 34 റൺസ് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രോഹിത് ശർമ 29 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. 30 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 27 റൺസെടുത്ത അക്സർ പട്ടേലിന്റെ പ്രകടനവും നിർണായകമായി. ശുഭ്മൻ ഗിൽ 11 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത് പുറത്തായി. ഓസീസിനായി ആദം സാംപ 10 ഓവറിൽ 60 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് 10 ഓവറിൽ 48 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെൻ ഡ്വാർഷിയൂസ്, കൂപ്പർ കോൺലി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായിരുന്നു. അർധ സെഞ്ചുറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാര്‍നസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍.

ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments