Monday, March 10, 2025

HomeSportsചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

spot_img
spot_img

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ കിവീസ് ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപിച്ചു. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റണ്‍സില്‍ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലര്‍ നേടിയ 100* (67)റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍.

363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് വീണത്. 17(12) റണ്‍സ് നേടിയ റയാന്‍ റിക്കിള്‍ടണിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ തെംബ ബവുമ 56(71), റാസി വാന്‍ ഡര്‍ ഡസന്‍ 69(66) സഖ്യം 105 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സാന്റ്‌നറുടെ പന്തില്‍ ബവുമ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. ടീം സ്‌കോര്‍ 161ല്‍ എത്തിയപ്പോള്‍ ഡസനും പുറത്തായി.

പിന്നീട് എയ്ഡന്‍ മാര്‍ക്രം 31(29), ഹെയ്ന്റിച്ച ക്ലാസന്‍ 3(7) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയില്‍ പരുങ്ങലിലായി. വിയാന്‍ മള്‍ഡര്‍ 8(13), മാര്‍ക്കോ യാന്‍സന്‍ 3(7), കേശവ് മഹാരാജ് 1(4) എന്നിവരും പുറത്തായപ്പോള്‍ 218ന് എട്ട് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിരുന്നു. കാഗിസോ റബാഡ 16(22) മില്ലര്‍ക്കൊപ്പം സ്‌കോര്‍ 250 കടത്തിയത് തോല്‍വിയുടെ ഭാരം കുറച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ്, ഓപ്പണര്‍ രചിന്‍ രവീന്ദ്ര 108(101), കെയ്ന്‍ വില്യംസണ്‍ 102(94) എന്നിവരുടെ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ രചിന്‍ – വില്യംസണ്‍ സഖ്യം നേടിയ 203 റണ്‍സ് കൂട്ടുകെട്ടാണ് കൂറ്റന്‍ സ്‌കോറിലേക്കുള്ള അടിത്തറയിട്ടത്. അവസാന പത്ത് ഓവറുകളില്‍ നിന്ന് 105 റണ്‍സാണ് ന്യൂസിലാന്‍ഡ് അടിച്ചെടുത്തത്.

ഓപ്പണര്‍ വില്‍ യങ്ങ് 21(23) ആണ് ആദ്യം പുറത്തായത്. രചിന്‍ രവീന്ദ്ര 13 ഫോറും ഒരു സിക്സും പായിച്ചപ്പോള്‍ വില്യംസണിന്റെ ബാറ്റില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്സറുകളും പിറന്നു. ഡാരില്‍ മിച്ചല്‍ 49(37) റണ്‍സ് നേടിയപ്പോള്‍ ടോം ലഥാം 4(5) നിറം മങ്ങി. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി ഗ്ലെന്‍ ഫിലിപ്സ് 49(27) റണ്‍സ് നേടി. മൈക്കല്‍ ബ്രേസ്വെല്‍ 16(12) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 2*(1) പുറത്താകാതെ നിന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments