ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ‘മറവി’ പുതിയ സംഭവമല്ല. മുന്‍കാലങ്ങളിലും പലതും മറന്നുപോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. ഇടയ്ക്ക് ടോസിനിടെ ടീമംഗങ്ങളുടെ പേരുകള്‍ പോലും രോഹിത് മറക്കുന്നത് വാര്‍ത്തയായിട്ടുണ്ട്. 2023 ലെ ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിനിടെ ടോസ് നേടിയിട്ടും എന്ത് തിരഞ്ഞെടുക്കണമെന്ന് മറന്നുപോയതും ഏഷ്യാകപ്പ് ഫൈനല്‍ വിജയത്തിനുശേഷം ഇന്ത്യയിലേക്ക് തിരിക്കുന്നതിനിടെ റൂമില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചതും ഹിറ്റ്മാന്റെ ‘വിഖ്യാതമായ മറവി’യുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇപ്പോഴിതാ ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വീണ്ടും രോഹിത് ശര്‍മയുടെ മറവി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സാക്ഷാല്‍ ചാംപ്യന്‍സ് ട്രോഫി കിരീടം എടുക്കാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്തവണ മറന്നുപോയത്. ചാംപ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ടീമിന്റെ വിജയത്തെക്കുറിച്ചും തന്റെ വിരമിക്കലിനെക്കുറിച്ചും ക്യാപ്റ്റന്‍ സംസാരിച്ചു.
ട്രോഫി മുന്നില്‍ വച്ചുകൊണ്ടാണ് രോഹിത് ശര്‍മ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. പ്രസ്മീറ്റ് അവസാനിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റുപോവുകയും ചെയ്തു. എന്നാല്‍ ട്രോഫി എടുക്കാതെയാണ് രോഹിത് പോയത്. പിന്നാലെ രോഹിത്തിന്റെ അരികില്‍ നിന്നിരുന്ന സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരു അംഗം ട്രോഫി എടുത്തു കൊണ്ട് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.