ബാറ്റര്‍മാരുടെ മികച്ച പ്രകടനത്തിലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മുന്നില്‍ 235 റണ്‍സിന്‍റെ വിജയലക്ഷ്യം തീര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 234 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം മുംബൈ ഇന്നിങ്സിന് അടിത്തറപാകി. ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
27 പന്തില്‍ നിന്ന് 3 സിക്സും 6 ഫോറുമടക്കം 49 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. അര്‍ധ സെഞ്ചുറിയ്ക്ക് തൊട്ടരികെ അക്സര്‍ പട്ടലാണ് രോഹിതിനെ പുറത്താക്കി ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവിന് റണ്‍സൊന്നും നേടാന്‍ കഴിഞ്ഞില്ല. ഇഷാന്‍ കിഷന് കൂട്ടായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തിയതോടെ സ്കോറിന്‍റെ വേഗം കൂടി. 23 പന്തില്‍ 42 റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി. അക്സര്‍ പട്ടേലാണ് ഇക്കുറിയും ഡല്‍ഹിക്കായി വിക്കറ്റെടുത്തത്.6 റണ്‍സ് മാത്രം നേടിയ യുവതാരം തിലക് വര്‍മ നിരാശപ്പെടുത്തി.
അവസാന ഓവറുകളില്‍ ടിം ഡേവിഡും (45) റൊമാരിയോ ഷെപ്പേര്‍ഡും (39) നടത്തിയ മികച്ച ബാറ്റിങ് പ്രകടനം മുംബൈയ്ക്ക് 234 എന്ന മികച്ച സ്കോര്‍ തന്നെ സമ്മാനിച്ചു.
അക്സര്‍ പട്ടേലും ആന്‍റ്റിച്ച് നോര്‍ക്യയും 2 വിക്കറ്റ് വിതം നേടി ഖലീല്‍ അഹമ്മദ് 1 വിക്കറ്റും വീഴ്ത്തി. ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്ത ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹിക്കെതിരെ പാഡ് അണിയുന്നത്. ഡല്‍ഹിയുടെ കാര്യവും വ്യത്യസ്തമല്ല. നാലു കളികളില്‍ ഒരു ജയം മാത്രമാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോട്സി, ജസ്പ്രീത് ബുമ്ര.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത്, ട്രൈസ്റ്റൻ സ്റ്റബ്‌സ്, അക്സർ പട്ടേൽ, ലളിത് യാദവ്, ജെയ് റിച്ചാർഡ്‌സൺ, ആൻറിച്ച് നോര്‍ക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്