തൃശൂര്‍: ശങ്കരയ്യ റോഡ് സമ്മര്‍ ചെസ് ടൂര്‍ണമെന്റില്‍, റേറ്റഡ് വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാമ്പ്യനായി . ശങ്കരയ്യ റോഡ് നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുത്തെന്നു ചെസ്സ് ഒളിമ്പ്യന്‍ എന്‍. ആര്. അനില്‍കുമാര്‍. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കല്‍ വാസുവിന്റെ സ്മരണാര്‍ത്ഥം ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂര്‍ണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിര്‍വ്വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
1973ല്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാന്‍ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കല്‍ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞുവെന്നും എന്‍. ആര്. പറഞ്ഞു.
ശങ്കരയ്യ റോഡ് സമ്മര്‍ ചെസ് ടൂര്‍ണമെന്റ് ഒന്നാം സമ്മാനം ഒന്നര ഗ്രാം ഗോള്‍ഡ് കോയിനും കളപ്പുരയ്ക്കല്‍ വാസു മെമ്മോറിയല്‍ ട്രോഫിയുമാണ് രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശന് കരസ്ഥമാക്കി. അണ്‍റേറ്റഡ് വിഭാഗത്തില്‍ തൃശ്ശൂര്‍ സ്വദേശി സവാദ് ഷംസുദ്ദീന് ചാംപ്യനായി.
അണ്ടര്‍ 15 വിഭാഗത്തില്‍, തൃശ്ശൂര്‍ കുരിയിച്ചിറ സെന്റ്. പോള്‍സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി അഹാസ് ഇ.യു. ചാംപ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അണ്‍റേറ്റഡ് വിഭാഗത്തിലും അണ്ടര്‍ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോള്‍ഡ് കോയിനുകളാണ് അവാര്‍ഡ്. എല്ലാ ജില്ലകളില്‍നിന്നും പ്രാതിനിധ്യം ലഭിച്ച ടൂര്‍ണമെന്റില്‍, റേറ്റഡ് വിഭാഗത്തില്‍ 78 പേരും അണ്‍റേറ്റഡ് വിഭാഗത്തില്‍ 103 പേരും അണ്ടര്‍ 15 വിഭാഗത്തില്‍ 131 പേരും പങ്കെടുത്തു. 79 അവാര്‍ഡുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍പരം രൂപയുടെ അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
ഏഷ്യന്‍ ബോഡി ബില്‍ഡര്‍ താരം ഏ. പി. ജോഷി, ടൂര്‍ണമെന്റ് രക്ഷാധികാരികളായ വി. മുരുകേഷ്, കെ. എം. രവീന്ദ്രന് എന്നിവരും അവാര്‍ഡ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്മാന് സതീഷ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ഗോകുലന് കളപ്പുരയ്ക്കല്‍, കോര്‍ഡിനേറ്റര്‍ സാജു പുലിക്കോട്ടില്‍, സംഘാടക സമിതി വൈസ് ചെയര്മാന് ഇ.എം. വിദുരര്‍, പി. വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹന്‍ദാസ് ഇടശ്ശേരി, സുബിന്.കെ. എസ്സ്. എന്നിവര്‍ പ്രസംഗിച്ചു