മുംബൈ: ‘ക്രിക്കറ്റ് ദൈവം’ സചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളെ ക്രിക്കറ്റ് കളി കീഴടക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കഴിഞ്ഞ ദിവസം ഐപിഎലിലെ ഒരു മത്സരം കണ്ട് സച്ചിന്റെ മകള്‍ പൊട്ടിക്കരയുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സാറയുടെ വികാരപ്രകടനം. സണ്‍ റൈസേഴ്സിന്റെ 194 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്‍ഡ്യന്‍സ് കളി വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ടിം ഡേവിഡ് മുംബൈയ്ക്ക് വേണ്ടി 18 പന്തില്‍ 46 റണ്‍സെടുത്ത് കളിയുടെ ഗതിമാറ്റി. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. എന്നാല്‍ 18-ാം ഓവറില്‍ ടിം ഡേവിഡ് റൺ ഔട്ടായി. ഗ്യാലറിയിലിരുന്ന് ഇത് കണ്ട സാറ പൊട്ടിക്കരഞ്ഞു. സാറ സങ്കടം സഹിക്കാനാകാതെ മുഖം പൊത്തി കരയുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
18 പന്തില്‍ 46 റണ്‍സെടുത്ത ടിം ഡേവിഡ് ഈ സീസണിലെ നാലാം വിജയത്തിനുള്ള മുംബൈയുടെ പ്രതീക്ഷ നിലനിര്‍ത്തി. ടി നടരാജന്‍ എറിഞ്ഞ 18-ാം ഓവറില്‍ ഡേവിഡ് നാല് സിക്സറുകള്‍ പറത്തി. പക്ഷെ, ഡേവിഡ് റൺ ഔട്ടായതോടെ കളി വീണ്ടും സണ്‍റൈസേഴ്സ് തിരിച്ചുപിടിച്ചു. സ്‌കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്: 20 ഓവറില്‍ 193/6 (രാഹുല്‍ ത്രിപാഠി 76, പ്രിയം ഗാര്‍ഗ് 42, നികോളാസ് പൂരന്‍ 38; രമണ്‍ദീപ് സിങ് 3/20). മുംബൈ ഇന്‍ഡ്യസ്: 20 ഓവറില്‍ 190/7 (രോഹിത് ശര്‍മ 48, ഇഷാന്‍ കിഷന്‍ 43, ടിം ഡേവിഡ് 46; ഉംറാന്‍ മാലിക് 3/23).