ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് കുൽദീപിന്റെ വധു. ലക്നൗവിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ വളരെ കുറച്ചുപേർ മാത്രമാണു പങ്കെടുത്തത്. എൽഐസിയിൽ ഉദ്യോഗസ്ഥയായ വൻഷിക കാൻപുർ സ്വദേശിയാണ്. കുൽദീപ് യാദവുമായി ബാല്യകാലം മുതൽ തന്നെയുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കു മാറുകയായിരുന്നു.
വിവാഹിതനാകാൻ പോകുന്ന വിവരം കുൽദീപ് യാദവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങും യുപി ക്രിക്കറ്റിലെ സഹതാരങ്ങളും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു. ക്രീം നിറത്തിലുള്ള ബന്ധ്‍ഗല സ്യൂട്ടാണ് കുൽദീപ് വിവാഹനിശ്ചയത്തിന് ധരിച്ചത്.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിവാഹം നടത്താനാണു തീരുമാനം. ടെസ്റ്റ് പരമ്പയ്ക്കായി കുൽദീപ് അടുത്ത ആഴ്ച യുകെയിലേക്കു പോകും. ജൂൺ 20നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ 30 വയസ്സുകാരൻ 14 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റുകൾ സ്വന്തമാക്കി തിളങ്ങിയിരുന്നു.