ടോക്കിയോ: രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒളിംപിക് മത്സരവേദികളില്‍ കാണികള്‍ക്കു പ്രവേശനമുണ്ടാവില്ലെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആതിഥേയ നഗരമായ ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതോടെ കര്‍ശനനിയന്ത്രണങ്ങളോടെയാവും ഒളിംപിക്‌സ് നടത്തുക.
ഒളിംപിക്‌സില്‍ ചില ഇനങ്ങളിലെ മത്സരങ്ങള്‍ ടോക്കിയോ നഗരത്തിനു പുറത്തുള്ള വേദികളിലാണ്. ഇവിടുത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഒളിംപിക്‌സ് കാലയളവ് ഉള്‍പ്പെടുന്ന 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്‌സ്. ഉദ്ഘാടന ചടങ്ങിലും കാണികള്‍ക്കു പ്രവേശനമില്ല.
കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിംപിക്‌സ് കോവിഡ് മൂലം ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു. ഇത്തവണയും കോവിഡ് പിടിമുറുക്കിയതോടെ ഏതുവിധേനയും കായികമാമാങ്കം സംഘടിപ്പിക്കാനുള്ള കരുതലിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍.
പുതുതായി 920 കോവിഡ് കേസുകളാണ് ബുധനാഴ്ച ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 18 ദിവസം തുടര്‍ച്ചയായ വര്‍ധനയുണ്ടായെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍.
ഒളിംപിക്‌സ് ആഘോഷങ്ങളുടെ ഭാഗമായി ബാറുകളിലേക്കും റസ്റ്ററന്റുകളിലേക്കും ആളുകള്‍ കൂട്ടത്തോടെയെത്തുന്നതു തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു വ്യക്തമാക്കിയ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ ജനങ്ങള്‍ വീട്ടിലിരുന്ന് ഒളിംപിക്‌സ് ആസ്വദിക്കണമെന്ന് ആവശ്യപ്പെട്ടു. ഒളിംപിക്‌സ് കാലത്തു ബാറുകളിലെ മദ്യപാനമാണ് പ്രധാന വെല്ലുവിളിയെന്ന് നേരത്തെ ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.