ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് 8.5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. 2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്ന 117 അംഗ സംഘത്തിനുള്ള ധനസഹായം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് 8.5 കോടി രൂപ നൽകുമെന്ന് തന്റെ എക്സ് അക്കൗണ്ട് വഴി ജയ് ഷാ അറിയിച്ചു. ജൂലൈ 26 ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ അത്‌ലറ്റുകൾക്ക് പുറമെ 67 ഓളം പരിശീലകരും 72 മറ്റ് അംഗങ്ങളും ഉൾപ്പെടുന്നു.
സംഘത്തിലെ എല്ലാവർക്കും ആശംസകൾ നേരുന്നതായും ഇന്ത്യയെ അഭിമാനം ഉയർത്തൂ എന്നും ജയ് ഷാ പോസ്റ്റിൽ പറഞ്ഞു. 11 സ്ത്രീകളും 18 പുരുഷന്മാരും ഉൾപ്പെടെ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ 29 അംഗങ്ങളും, ഷൂട്ടിംഗിൽ 21 പേരും, ഹോക്കിയിൽ 19 പേരും, ടേബിൾ ടെന്നിസിൽ 8 പേരും, ബാഡ്മിൻ്റണിൽ ഏഴ് പേരും, ഗുസ്തി, അമ്പെയ്ത്ത്, ബോക്സിംഗ് എന്നിവയിൽ 6 പേർ വീതവും, ഗോൾഫിൽ നാല് പേരും, ടെന്നീസിൽ മൂന്ന് പേരും, നീന്തൽ, സെയിലിങ് എന്നിവയിൽ രണ്ട് പേരും, കുതിരസവാരി, ജൂഡോ, റോവിംഗ്, ഭാരോദ്വഹനം എന്നിവയിൽ ഓരോരുത്തരുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുക.
മാസങ്ങളോളും നീണ്ട മഴയ്ക്ക് ശേഷം ഒളിമ്പിക്സിനൊരുങ്ങുന്ന പാരീസിലേക്ക് ആയിരക്കണക്കിന് അത്‌ലറ്റുകളും ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ എത്തിച്ചേരും. പുറത്ത് നീന്തലിനായി സജ്ജീകരിച്ചിരിക്കുന്ന സീൻ നദിയിലെ ജലത്തിന്റെ ഗുണനിലവാരം വർദ്ധിച്ചത് സംഘാടകർക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. 6000 മുതൽ 7000 വരെ അത്‌ലറ്റുകളെ ഉൾപ്പെടുത്തിയുള്ള ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ഈ നദിയിൽ വച്ച് നടക്കും. അത്‌ലറ്റിക് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്ന ആദ്യ സമ്മർ ഒളിമ്പിക്സ് കൂടിയാണ് പാരീസിലേത്. ഉദ്ഘാടന ചടങ്ങ് കാണാനുള്ള മൂന്ന് ലക്ഷത്തോളം ടിക്കറ്റുകൾ ഔദ്യോഗികമായി വിറ്റിരുന്നു. ഇത് കൂടാതെ രണ്ട് ലക്ഷത്തോളം പേർ കൂടി ഉദ്ഘാടന ചടങ്ങ് നേരിൽ വീക്ഷിച്ചേക്കുമെന്ന് സംഘാടകർ പറഞ്ഞു.