പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ മനം നിറച്ച് ചരിത്രമായി മാറിയിരിക്കുകയാണ് 22 കാരിയായ മനു ഭാകർ. മൂന്നുവര്‍ഷം മുമ്പ് കരിയറിലെ ആദ്യ ഒളിംപിക്സ് മനു ഭാക്കറിന് നിരാശമാത്രമാണ് സമ്മാനിച്ചതെങ്കില്‍ ഇപ്പോൾ പാരിസില്‍ ഇന്ത്യയുടെ ആദ്യമെഡൽ സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത് വർഷത്തിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മനു ഭാക്കര്‍.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ലോകകപ്പില്‍ ഒന്‍പത് സ്വര്‍ണം. യൂത്ത് ഒളിംപികിസില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്.
2021 ടോക്കിയോ ഒളിംപിക്സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം മനുവിന് യോഗ്യതാ റൗണ്ട് കടക്കാനായിരുന്നില്ല. അന്ന് കണ്ണീരോടെ ഷൂട്ടിങ് റേഞ്ച് വിട്ട താരം ഇന്ന് വെങ്കല തിളക്കത്തോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നത്.
കൂടാതെ ഒളിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയും മനു ഭാകർ തന്നെയാണ്. 2012 ലാണ് ഇന്ത്യ അവസാനമായി ഒളിമ്പികസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. നീണ്ട് 12 വർഷത്തിന് ശേഷം ആ നേട്ടം വീണ്ടു കൈവരിക്കാനായത് മനു ഭാകറിലൂടെയാണ്. നേരത്തെ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.
ഗെയ്മിൽ ആദ്യ 14 ഇന ഷോട്ടുകൾ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു മനു. പിന്നാലെ കോറിയൻ താരത്തിന്റെ കടുത്ത വെല്ലുവിളിയെ തന്ത്രപരമായി മറി കടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ പിന്നിട്ട് എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരത്തിന് മെഡൽ കരസ്ഥമാക്കാനായത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് മനു ഭാകർ ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ പിന്നിട്ട് 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.
2018 ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ഇതോടെ ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടവും മനു ഭാകറിനെ തേടിയെത്തി. 2018 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മത്സരിച്ച മനു ഭാകർ സ്വർണം നേടി.