ബാസ്ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ കേസ് പിന്‍വലിക്കാന്‍ കോച്ച് രവി സിംഗിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി.
ഹിന്ദി സംസാരിക്കുന്ന രണ്ട് പേര് വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ലിതാരയുടെ അമ്മയുടെ പരാതി. കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യം. 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്നും കുടുംബം പറഞ്ഞു. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്കി.
ഏപ്രില്‍ 26 നാണ് ലിതാരയെ പാറ്റ്നയില്‍ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാസ്കറ്റ് ബോള്‍ കോച്ച് രവി സിംഗ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
വടകര വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
കോഴിക്കോട്ടു നിന്നു വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.