ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗോള്‍പോസ്റ്റിനു മുന്നില്‍ എതിരാളികളെ വിറപ്പിച്ച ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പര്‍ ജഴ്സി ധരിച്ചാണ് കളിച്ചത്. പാരിസിലും ടോക്കിയോയിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയായിരുന്നു ഈ മലയാളി
‘ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ പോവുകയാണ്. സീനിയര്‍ ടീമില്‍ നിന്ന് ഞങ്ങള്‍ 16-ാം നമ്പര്‍ ജഴ്സി പിന്‍വലിക്കുന്നു. ജൂനിയര്‍ ടീമിന്റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയര്‍ ടീമില്‍ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പര്‍ ജേഴ്സി ധരിക്കുംഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് പറഞ്ഞു.