Friday, September 13, 2024

HomeSportsഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് തിരുവനന്തപുരത്ത് സ്വീകരണം

ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് തിരുവനന്തപുരത്ത് സ്വീകരണം

spot_img
spot_img

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സ് മെഡല്‍ നേട്ടമുള്‍പ്പെടെ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യന്‍ പത്മശ്രീ പി.ആര്‍ ശ്രീജേഷിന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ സ്വീകരണം ഒരുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ആഗസ്റ്റ് 26 ന് വിപുലമായ സ്വീകരണം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 26ന് വൈകുന്നേരം നാലിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

രണ്ട് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍, കായിക സ്‌നേഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്ര സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ്, എ ജി ഓഫീസ്, യൂണിവേഴ്‌സിറ്റി കോളേജ്, പാളയം മാര്‍ക്കറ്റ്, യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ്, പബ്ലിക് ഓഫീസ്, മ്യൂസിയം ജംഗ്ഷന്‍, കനകക്കുന്ന് വഴി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും. സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. മന്ത്രിമാര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും.

മലയാളികളുടെ അഭിമാനമായ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2000-2006 കാലഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കിയയാളാണെന്ന് മന്ത്രി പറഞ്ഞു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 2013 ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി അദ്ദേഹത്തിന് നിയമനം നല്‍കി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പിന്നീട് പ്രമോഷന്‍ നല്‍കി. 2021 ല്‍ ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തെ തുടര്‍ന്ന് ജോയിന്റ് ഡയറക്ടറായും പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രമോഷന്‍ നല്‍കി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിച്ച് മികച്ച കായിക നേട്ടങ്ങള്‍ സ്വന്തമാക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറാവുകയും ചെയ്ത ശ്രീജേഷിന്റെ നേട്ടങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിനുള്ള സ്വീകരണച്ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കുള്ള നിയമന ഉത്തരവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, പി.യു.ചിത്ര, വിസ്മയ വി.കെ., നീന.വി എന്നീ കായിക താരങ്ങള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കുന്നത്. ഇവരുടെ നിയമന ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൈമാറും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments