ഹാംഗ്ഷൗ: ഏഷ്യന്‍ ഗെയിംസിന് ഉജ്വല തുടക്കം. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്കു വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിംഗും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകവാഹകരായി.
ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് 19-ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിന്‍റെ സാന്നിധ്യത്തില്‍ ബിഗ് ലോട്ടസ് എന്ന ഒളിമ്ബിക് സ്‌പോര്‍ട്‌സ് സെന്‍റര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.
45 രാജ്യങ്ങളില്‍ നിന്നായി 12417 കായികതാരങ്ങളാണ് ഇത്തവണ ഗെയിംസില്‍ മത്സരിക്കാനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അംഗസംഖ്യയാണിത്.
56 വേദികളിലായി 481 മെഡല്‍ ഇനങ്ങളുണ്ട്. 40 കായിക ഇനങ്ങളുള്ളതില്‍ 39ലും ഇന്ത്യ മത്സരിക്കുന്നുണ്ട്. 655 അംഗങ്ങളുമായാണ് ഇന്ത്യ ഹാങ്ഷൗവില്‍ എത്തിയിരിക്കുന്നത്. ഏഷ്യഡ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസില്‍ 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്ബാദ്യം.