തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിനെ 90 റണ്‍സിനു പുറത്താക്കിയ കാലിക്കറ്റ് 11.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ലീഗിലെ ആദ്യ ഹാട്രിക്കിന് കാലിക്കറ്റിന്റെ അഖില്‍ദേവ് അര്‍ഹനായി. മൂന്ന് ഓവറില്‍ ഏഴു റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ കാലിക്കറ്റിന്റെ .അജിത് വാസുദേവനാണ് പ്ലയര്‍ ഓഫ് ദ മാച്ച്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആലപ്പി റിപ്പിള്‍സിന്റെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ടീം സ്‌കോര്‍ രണ്ടില്‍ നില്‌ക്കെ പുറത്തായി. എം. നിഖില്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സെടുത്ത കൃഷ്ണപ്രസാദിനെ അജിത് വാസുദേവന്‍ പിടിച്ച് പുറത്താക്കി. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ വിക്കറ്റ് നഷ്ടമായി . അജിത്ത് വാസുദേവന്റെ പന്തില്‍ കെ.എ അരുണ്‍ പിടിച്ചാണ് പുറത്താക്കിയത്. അക്ഷയ് ചന്ദ്രന്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ റോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്കി പുറത്തായി. അക്ഷയുടെ വിക്കറ്റിന് അവകാശി അജിത്ത് വാസുദേവന്‍. ഉജ്ജ്വല്‍ കൃഷ്ണയും (49 പന്തില്‍ 32 റണ്‍സ്), ടി. കെ.അക്ഷയും( 36 പന്തില്‍ 34 റണ്‍സ്) മാത്രമാണ് പിടിച്ചു നിന്നത്. ആറ് ഓവറില്‍ 19 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായ ആലപ്പിയെ ഉജ്വല്‍ കൃഷ്ണയും ടി.കെ അക്ഷയും ചേര്‍ന്ന് 50 കടത്തി.
18-ാം ഓവറില്‍ ആല്‍ഫി ഫ്രാന്‍സീസിനേയും ഫാസില്‍ ഫനൂസിനേയും വിനൂപ് മനോഹരനേയും തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ പുറത്താക്കി അഖില്‍ ദേവ് ഹാട്രിക്കിന് അര്‍ഹനായി. പരമാവധി പ്രതിരോധിച്ച ടി.കെ. അക്ഷയുടെ വിക്കറ്റ് 18.5ാം ഓവറില്‍ അഖില്‍ സക്കറിയ പിഴുതതോടെ ആലപ്പി റിപ്പിള്‍സ് 90 റണ്‍സിന് എല്ലാവരും പുറത്ത്.
91 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ് സ്റ്റാറിന് രണ്ടാം ഓവറില്‍ എം. നിഖിലിന്റെ വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ നിന്നും 14 റണ്‍സെടുത്ത നിഖിലിനെ ഫാസില്‍ ഫനൂസിന്റെ പന്തില്‍ അക്ഷയ് ചന്ദ്രന്‍ പിടിച്ചു പുറത്താക്കി. കെ. എ അരുണ്‍ റോഹന്‍ കുന്നുമേല്‍ കൂട്ടു കെട്ട് ടീം സ്‌കോര്‍ 44 ലെത്തിച്ചപ്പോള്‍ റോഹന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദീന്‍ പിടിച്ചാണ് റോഹനെ പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ സഞ്ജയ് രാജിനെ ആനന്ദ് ജോസഫ് ബൗള്‍ഡാക്കി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു കാലിക്കറ്റ് .സ്‌കോര്‍ 73ല്‍ നിലക്കെ എം. അജിനാസിനെ( 16 പന്തില്‍ 10 റണ്‍സ്) കാലിക്കറ്റിനു നഷ്ടമായി. കിരണ്‍ സാഗറിന്റെ പന്തില്‍ കൃഷ്ണപ്രസാദ് പിടിച്ചാണ് അജിനാസിനെ പുറത്താക്കിയത്. നാലിന് 73 എന്ന നിലയില്‍ കാലിക്കറ്റ്. . തുടര്‍ന്ന് കെ. എ അരുണ്‍ സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 90 കടത്തി . കാലിക്കറ്റിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചു. 23 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത കെ. എ അരുണാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍. 11.5 -ാം ഓവറില്‍ വിനൂപ് മഹോഹരന്റെ പന്തില്‍ സല്‍മാന്‍ നിസാറാണ് കാലിക്കറ്റിന്റെ വിജയ റണ്‍ നേടിയത്.