കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുമ്പ് ആറ് സന്തോഷ് ട്രോഫികളില്‍ കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞ ജിജോ ജോസഫ് ടീമിനെ നയിക്കും. ജിജോ തന്നെയാണ് എസ് ബി ഐ ടീമിലെ സീനിയര്‍ താരവും.
യുവതാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താണ് ടീം ഉണ്ടാക്കിയത്. ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. 22 അംഗ ടീമിനെ മുന്‍ ഗോകുലം കേരള പരിശീലകന്‍ ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്. ഇതില്‍ 13 താരങ്ങളും ടീമില്‍ പുതുമുഖങ്ങളാണ്. അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിശീലകസംഘത്തില്‍ ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ പരിശീലകനായി സജി ജോയി എന്നിവരുമുണ്ട്.
ലോക റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് ആയിരിക്കും മുന്നേറ്റനിരയെ നയിക്കുക. മൂന്ന് തവണ കര്‍ണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ മത്സരിച്ച പരിചയ സമ്പത്തോടെയാണ് രാജേഷ് ഇത്തവണ കേരളത്തിനായി ബൂട്ട് അണിയുന്നത്. ഗോകുലം കേരളാ മുന്‍ താരവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് താരവുമായിരുന്ന അര്‍ജുന്‍ ജയരാജും ഇത്തവണത്തെ കേരള ടീമില്‍ അംഗമാണ്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ലക്ഷദീപിനെ നേരിടും. ലക്ഷദ്വീപ് ടീം കേരളത്തില്‍ എത്തി സന്തോഷ് ട്രോഫിക്കായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 3 ന് കേരളം ആന്‍ഡമാനെയും ഡിസംബര്‍ 5 ന് പോണ്ടിച്ചേരിയെയും നേരിടും.