തിരുവനന്തപുരം: ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്. ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ബാലപാഠങ്ങള്‍ നേടിയെടുത്ത ഇനാനെ അവിടെ പരിശീലകനായിരുന്ന പാകിസ്താന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ സഖ്‌ലൈന്‍ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറന്നു.തൃശൂർ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കൂച്ച് ബെഹാര്‍ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത മികച്ച പ്രകടനം ബൗളിങ് ഓള്‍റൗണ്ടറായ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നതിന് സഹായകരമായി. ഗ്രൂപ്പ് എ-യിൽ നവംബർ 30-ന് ദുബായില്‍ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യു.എ.ഇ.യുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. യൂ.എ.ഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്