ടെക്‌സാസ്: നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്‌സിങ് റിങ്ങിലേക്ക് മടങ്ങിയെത്തിയ ഇതിഹാസതാരം മൈക്ക് ടൈസണ് തോല്‍വി. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ 27കാരനായ ജേക്ക് പോളിനോടായിരുന്നു 58കാരനായ ടൈസന്റെ തോല്‍വി. ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് ജേക്കിനെ വിജയിയായി (78-73) പ്രഖ്യാപിച്ചത്. ടൈസന്റെ കരിയറിലെ ഏഴാം തോൽവിയാണിത്.ടെക്‌സാസിലെ ആര്‍ലിങ്ടണിലെ എ ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ റിഫ്‌ളക്‌സുകളെല്ലാം മന്ദഗതിയിലായിരുന്നു.
ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണ് കഴിഞ്ഞു. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം നെറ്റ്ഫ്‌ളിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ മുഖാമുഖം എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചതോടെ രംഗം കൊഴുത്തുവന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും തല്‍ക്ഷണം പിടിച്ചുമാറ്റി
അതേസമയം, ബോക്‌സിങ് റിങ്ങില്‍ ടൈസണോട് ബഹുമാനപൂര്‍വമായ സമീപനമാണ് ജേക്ക് സ്വീകരിച്ചത്. 2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല്‍ പേരാട്ടം.2020ല്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ റോയ് ജോണ്‍സിനെതിരെയും ടൈസൺ കളത്തിലിറങ്ങിയിരുന്നു. പ്രൊഫഷണല്‍ മത്സരത്തിലിറങ്ങാന്‍ ഏറെ നാളായി ആലോചിച്ചുവരുന്നുണ്ടെങ്കിലും അനാരോഗ്യം വെല്ലുവിളിയുയർത്തി.
വയറിലെ അള്‍സറായിരുന്നു ടൈസൺ ഏറെക്കാലമായി അലട്ടുന്നത്. ഇതുകാരണം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന മത്സരം നീട്ടിവെക്കുകയാണുണ്ടായത്. പിന്നീട് 26 പൗണ്ട് ശരീരഭാരം കുറച്ച ടൈസന്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മെഡിക്കല്‍ ക്ലിയറന്‍സ് സ്വന്തമാക്കിയത്.