പെർത്തിൽ ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ 4വിക്കറ്റ് വീണു. ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. 5 റൺസെടുത്ത് ജോഷ് ഹെയ്സൽവുഡിന് വിക്കറ്റ് നൽകിയാണ് വിരാട് മടങ്ങിയത്. 12 പന്ത് മാത്രമാണ് വിരാട് ക്രീസിൽ ചിലവഴിച്ചത്.
ടീം സ്കോർ 5ൽ നിൽക്കെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ പൂജ്യനായി മടങ്ങി. പിന്നാലെയെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ 23 പന്ത് നേരിട്ട് പൂജ്യനായി മടങ്ങി. ഓപ്പണിങ് ഇറങ്ങിയ കെ എൽ രാഹുൽ മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശിയിരുന്നു. ഓസീസ് പേസ് കരുത്തിനെ മികച്ച പ്രതിരോധം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ 26 റൺസുമായി ക്രീസിൽ നിന്ന താരത്തെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി.
നിലവിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 51ന് 4 എന്ന നിലയിലാണ് ഇന്ത്യ. 10 റൺസുമായി ഋഷഭ് പന്തും. നാല് റൺസുമായി ധ്രുവ് ജുവലുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്ട്രേലിയയെ പാറ്റ് കമിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായി ഇറങ്ങിയ ഇന്ത്യ വീണ്ടും പിച്ചിൽ പരുങ്ങുന്നതാണ് കണ്ടത്. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്.