ശ്രേയസ് അയ്യറിന്റെ റെക്കോർഡ് മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർത്ത് ഋഷഭ് പന്ത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ പന്തിനെ 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് തുക കടന്ന് ശ്രേയസ് അയ്യർ സ്വന്തമാക്കിയ 26.75 കോടി രൂപയെന്ന റെക്കോർഡാണ് ഋഷഭ് പന്ത് മിനിറ്റുകൾക്കകം തകർത്തത്. പന്തിനെ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യറിനെ സ്വന്തമാക്കിയത് പഞ്ചാബ് കിങ്സ് ആണ്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലത്തിന് ജിദ്ദയില്‍ തുടരുകയാണ്. താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യൻ പേസർ ആയ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് നിലനിർത്തി പഞ്ചാബ് കിങ്സ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമായിരുന്നു രംഗത്തെത്തിയത്. 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനായി വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗപ്പെടുത്തി 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്.