കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കുതിപ്പ് തുടങ്ങിയത്. ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടിയ കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ലീഡ് അഞ്ചാക്കി ഉയര്‍ത്തുകയായിരുന്നു.
ലക്ഷദ്വീപ് താരത്തിന് തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ പത്തു പേരുമായിട്ടായിരുന്നു അവരുടെ കളി. നാലാം മിനിറ്റില്‍ പെനല്‍റ്റി വഴി നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. 12ാം മിനിറ്റില്‍ ജെസിന്‍ രണ്ടാം ഗോള്‍ നേടി.
36-ാം മിനിറ്റില്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളില്‍ കേരളം മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തി. രണ്ടാം പകുതിയില്‍ 82ാം മിനിറ്റില്‍ രാജേഷും 92ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജും കേരളത്തിനായി വല കുലുക്കിയതോടെ എതിരില്ലാത്ത അഞ്ച് ഗോളുകളുമായി കേരളം ആദ്യ വിജയം സ്വന്തമാക്കി.