Tuesday, December 24, 2024

HomeSportsഅഭിമാന താരം അഞ്ജു, പിന്നെ ഒരു കിഡ്‌നിയും പൊന്‍ പതക്കങ്ങളും

അഭിമാന താരം അഞ്ജു, പിന്നെ ഒരു കിഡ്‌നിയും പൊന്‍ പതക്കങ്ങളും

spot_img
spot_img

കേരളത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോര്‍ജ് കഴിഞ്ഞ ഡിസംബറില്‍ ഇങ്ങനെ വെളിപ്പെടുത്തി…”എനിക്ക് ഒരു കിഡ്‌നി മാത്രമേയുള്ളു…” വാസ്തവത്തില്‍ ആ വെളിപ്പെടുത്തല്‍ കേട്ട് കായിക പ്രേമികള്‍ ഞെട്ടി.

”വിശ്വസിച്ചാലും ഇല്ലെങ്കിലും… ഒരു വൃക്കയുമായി ജീവിച്ചിട്ടും ഈ നേട്ടങ്ങളൊക്കെയും കൈവരിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍…” അഞ്ജു ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. ഒരു വൃക്ക മാത്രമാണ് അഞ്ജുവിനുള്ളതെന്ന് സ്‌കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്‌ലറ്റുകള്‍ അപൂര്‍വമാണ്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയര്‍ത്തിയ ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് പുരസ്‌കാര നിറവിലാണ്. ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിനാണ് അഞ്ജു അര്‍ഹയായത് ഒരാഴ്ച മുമ്പാണ്.

യുവതാരങ്ങളുടെ വളര്‍ച്ചക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്നതായി നടത്തിയ നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നാണ് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് അഞ്ജു ട്വിറ്ററില്‍ പ്രതികരിച്ചത്.

ഓരോ ദിവസവും യുവ വനിതാ താരങ്ങളുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്ന മറ്റൊന്നുമില്ലെന്നും എന്റെ അധ്വാനത്തെ അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും അഞ്ജു കുറിച്ചു. 2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് 44കാരിയായ അഞ്ജു. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്.

ലാങ് ജംപില്‍ ഇന്ത്യയ്ക്കായി അഭിമാന മെഡലുകള്‍ നേടിയിട്ടുള്ള അഞ്ജു എന്നും രാജ്യത്തെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. 2005ലോ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണവും 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയതാണ് അഞ്ജുവിന്റെ പ്രധാന നേട്ടങ്ങള്‍.

2005-ല്‍ നടന്ന ഐ.എ.എ.എഫ് വേള്‍ഡ് അത്ലറ്റിക്‌സ് ഫൈനലില്‍ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവര്‍ കരുതുന്നു. സ്വര്‍ണ്ണം നേടിയ റഷ്യന്‍ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാല്‍ 2014 ല്‍ അഞ്ജുവിന്റെ നേട്ടം സ്വര്‍ണ്ണ മെഡലായി ഉയര്‍ത്തുകയുണ്ടായി.

കായിക താരമെന്ന നിലയില്‍ കരിയറിന് വിരാമമിട്ട ശേഷവും രാജ്യത്തെ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് അഞ്ജു കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞിടെ തനിക്ക് ഒരു കിഡ്‌നി മാത്രമാണുള്ളതെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചിരുന്നു. ചെറിയ കുറവുകളുടെ പേരില്‍ പോലും പലരും തളര്‍ന്നുപോകുമ്പോഴും ഇത്രയും വലിയൊരു പ്രയാസത്തെയും തന്റെ മനക്കരുത്തുകൊണ്ട് ചാടിക്കടന്ന അഞ്ജു ലോകത്തിന് തന്നെ പ്രചോദനവും മാതൃകയുമാണ്.

ചങ്ങനാശ്ശേരിക്ക് സമീപം ചീരഞ്ചിറ ഗ്രാമത്തിലെ കൊച്ചുപറമ്പില്‍ കുടുംബത്തില്‍ 1977 ഏപ്രില്‍ 19ന് കെ.ടി മര്‍ക്കോസ്-ഗ്രേസി ദമ്പതികളുടെ മകളയി അഞ്ജു ജനിച്ചു. പിതാവാണ് കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത്. പിന്നീട് കോരുത്തോട് ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന കെ.പി തോമസ് മാഷായിരുന്നു പരിശീലകന്‍. കോരുത്തോട് സി കേശവന്‍ സ്മാരക ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂര്‍ വിമല കോളേജില്‍ പഠനം തുടര്‍ന്നു.

1992-ല്‍ നടന്ന സ്‌കൂള്‍ കായികമേളയില്‍ 100മീറ്റര്‍ ഹഡില്‍സ്, ലോംഗ്ജമ്പ്, ഹൈജമ്പ്, റിലെ എന്നിവയില്‍ സമ്മാനാര്‍ഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് ആ വര്‍ഷം തന്നെ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഹഡില്‍സിലും 4 x 100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്. വിമല കോളേജില്‍ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക ചാമ്പ്യനുമായിരുന്നു.

രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2003ല്‍ അര്‍ജുന പുരസ്‌കാരവും 2004ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും ഇതേ വര്‍ഷം പത്മശ്രീയും നല്‍കി രാജ്യം അഞ്ജുവിന്റെ കായിക പ്രതിഭയെ അംഗീകരിച്ചിട്ടുണ്ട്. 2021ല്‍ ബി.ബി.സിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അഞ്ജുവിനെ തേടിയെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരത്തിനും അഞ്ജു അര്‍ഹയായിരിക്കുന്നത്. ഇന്ത്യന്‍ കായിക ലോകത്തിന് തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന പുരസ്‌കാരമാണിത്. കോച്ചും അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരനുമായ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ജീവിത പങ്കാളി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments