ന്യൂഡല്‍ഹി: വനിത ഷൂട്ടര്‍ കോണിക ലയാക്കിനെ (26) പശ്ചിമ ബംഗാളിലെ ബല്ലിയിലുള്ള ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഷാദരോഗം മൂലം ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. അവസരങ്ങള്‍ ലഭിക്കാത്തതില്‍ കടുത്ത നിരാശയുണ്ടായിരുന്നെന്നും കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരിയില്‍ ലയാക് വിവാഹിതയാകാനിരിക്കുകയായിരുന്നു. ഷൂട്ടിങ് താരങ്ങള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാവുകയാണ്. ഈയടുത്തായി ഷൂട്ടിങ് രംഗത്തുള്ള മൂന്നു പേരാണ് ജീവനൊടുക്കിയത്. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിനിയാണ് ലയാക്.
സംസ്ഥാന തല ജേതാവായ ഇവര്‍ ദേശീയ മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിലായിരുന്നു. ഈ വര്‍ഷം ആദ്യം നടന്‍ സോനു സൂദ് ലയാക്കിന് ജര്‍മന്‍ നിര്‍മിത തോക്ക് പരിശീലനത്തിനായി സമ്മാനിച്ചത് വാര്‍ത്തയായിരുന്നു.