ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലേലത്തുക സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തില്‍ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവന്‍ പഞ്ചാബാണ് ടീമിലെത്തിച്ചത്.2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്‍്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാല്‍, റെക്കോര്‍ഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.
ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. 2 കോടി രൂപയായിരുന്നു താരത്തിന്‍്റെയും അടിസ്ഥാനവില. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.
രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനും ലഭിച്ചു റെക്കോർഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. 7.25 കോടി രൂപ വരെ രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനായി കളത്തിലുണ്ടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികൾ.
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിൻ്റെ റെക്കോർഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങൾ തകർത്തത്. 2021 മിനി ലേലത്തിൽ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു.