ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (WFI) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
തനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചുനല്‍കുന്നതായി പൂനിയ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പൂനിയ പറയുന്നു. 2019ലാണ് ബജ്റംഗ് പൂനിയക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബിജെപി എം പി ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു.