കിങ്‌സ്റ്റന്‍: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വെസ്റ്റിൻഡീസ് പേസർ ജെയ്ഡൻ സീൽസ്. ചരിത്രത്തിലെ ഏറ്റവും പിശുക്കന്‍ ബൗളറെന്ന റെക്കോര്‍ഡ് ബുക്കില്‍ രണ്ടാം സ്ഥാനക്കാരനായാണ് ജെയ്ഡൻ മാറിയത്. 1978നുശേഷമുള്ള ഏതൊരു ടെസ്റ്റ് ബൗളറുടെയും മികച്ച സ്പെല്ലായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജെയ്ഡന്റേത്.
ജെയ്ഡന്റെ മികവിൽ സന്ദര്‍ശകരെ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 164 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 37 ഓവറിൽ 70 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് വിൻഡീസ്.
മത്സരത്തില്‍ 15.5 ഓവര്‍ പന്തെറിഞ്ഞ സീല്‍സ് 5 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി. 10 ഓവറുകള്‍ മെയ്ഡനായിരുന്നു. താരത്തിന്റെ ഇക്കോണമി റേറ്റ് 0.31. ടെസ്റ്റിലെ പിശുക്കൻ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ബാപു നാദകര്‍ണിയാണ് ഒന്നാമന്‍. 1964ല്‍ ഇംഗ്ലണ്ടിനെതിരെ 32 ഓവറില്‍ 27 മെയ്ഡനും 5 റണ്‍സും മാത്രം വഴങ്ങിയായിരുന്നു ബാപുവിന്റെ ബൗളിങ്. ഇക്കണോമി റേറ്റ് 0.15.
പട്ടികയില്‍ ജെയ്ഡന്‍ സീല്‍സ് രണ്ടാമത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റ ജിം ലേക്കറാണ്. 0.37 ആണ് താരത്തിന്റെ ഇക്കോണമി. 14.1 ഓവറില്‍ 9 മെയ്ഡന്‍ 7 റണ്‍സ് 2 വിക്കറ്റ് എന്ന പ്രകടനമാണ് റെക്കോര്‍ഡ് പട്ടികയില്‍ കയറിയത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരത്തിന്റെ ബൗളിങ്. 1978നുശേഷമുള്ള കണക്കെടുത്താൽ ഇന്ത്യയുടെ ഉമേഷ് യാദവിന്റെ സ്ഥാനമാണ് ജെയ്ഡൻ സീൽസ് കൈയടക്കിയത്. 2015ൽ ദക്ഷിണാഫ്രിക്കക്കെതിരെ 21 ഓവറുകൾ എറിഞ്ഞ ഉമേഷ് യാദവിന്റെ ഇക്കണോമി റേറ്റ് 0.42 ആയിരുന്നു.
ബംഗ്ലാദേശിന്റെ ഷദ്മാൻ ഇസ്ലാം ഒഴികെ ഒരു ബാറ്റർമാർക്കും വിൻഡീസ് പേസർമാരെ പ്രതിരോധിക്കാനായില്ല. ഷദ്മാൻ ഇസ്ലാം 64 റൺസെടുത്തു. ജെയ്ഡനെ കൂടാതെ, ഷമർ ജോസഫ്, കെമാൻ റോച്ച് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഷമർ ജോസഫ് 3 വിക്കറ്റും കെമർ റോച്ച് 2 വിക്കറ്റും നേടി. ആദ്യമത്സരം ജയിച്ച് പരമ്പരയിൽ 1-0ന് വിൻഡീസ് മുന്നിലാണ്.