കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തടയുകയും കൈയിലുണ്ടായിരുന്ന മദ്യം ഒഴിച്ച് കളയേണ്ടിയും വന്ന സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഇന്‍സ്‌പെക്ടര്‍ക്കു വീഴ്ച പറ്റിയോ എന്നും പരിശോധിക്കും.
വിദേശിയെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴിക്കിക്കളയിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിനെതിരെ വിമര്‍ശനം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു . ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ്‌പ്പോഴത്തെ നടപടി.
ഇതേ സമയം സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ് പൗരന്‍ സ്റ്റീവ് ആസ് ബര്‍ഗ് രംഗത്തെത്തി.
കേരള പൊലീസില്‍ നിന്നും ഇത്തരം ഒരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും മദ്യം കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊടുത്തത് തന്റെ നിരപരാധിത്വം തെളിയിക്കാനായിരുന്നുവെന്നും സ്വീഡിഷ് പൗരന്‍ പറഞ്ഞു.
‘മൂന്ന് കുപ്പി മദ്യമാണ് കയ്യില്‍ ഉണ്ടായിരുന്നത്. പൊലീസ്, വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം ബില്ല് ആവശ്യപ്പെട്ടു. കൈയില്‍ ബില്ല് ഉണ്ടായിരുന്നില്ല. അതോടെ കുപ്പി വലിച്ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു അവര്‍. പ്ലാസ്റ്റിക്ക് കുപ്പിയായതിനാല്‍ മദ്യം ഒഴുക്കി കളയുകയായിരുന്നു ഞാന്‍ ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊടുത്തത്. നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണ്. കേരള പോലീസില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല’,കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്റ്റീവ് ആസ്ബെര്‍ഗ് (68) വ്യക്തമാക്കി.
ഇന്നലെയാണ് സ്വീഡിഷ് പൗരനായ സ്റ്റീവിനെ തടഞ്ഞു നിര്‍ത്തിയ പൊലീസ്, ബില്ല് കൈവശമില്ലാതിരുന്നതിന്റെ പേരില്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത് , തുടർന്ന്സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു.
സ്റ്റീവിനെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.