പൂനെ: പാമ്ബുകടിയേറ്റ് ഇരുവൃക്കകളും തകരാറിലായ 30 കാരി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പൂനെ നോബിള്‍ ആശുപത്രിയിലാണ് അപൂര്‍വ സംഭവം നടന്നത്. ആറാഴ്ചത്തെ ഡയാലിസിസിന് ശേഷം യുവതി പൂര്‍ണമായും സുഖം പ്രാപിച്ചതായി പൂനെ നോബിള്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ രണ്ടിനാണ് പാമ്ബ് കടിയേറ്റ് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൂത്രത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞനിലയിലും നീര്‍വീക്കം സംഭവിച്ച നിലയിലും ആയിരുന്നു ആ സമയത്ത് യുവതി ഉണ്ടായിരുന്നത്.
‘ അവരുടെ ശരീരം വീര്‍ത്തിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി. ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലെറ്റുകളും നശിച്ചതായി വ്യക്തമായി. പരിശോധനകള്‍ക്ക് ശേഷം, പാമ്ബുകടി മൂലമുണ്ടാകുന്ന ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോം (HUS) എന്ന അപൂര്‍വ പ്രതിഭാസം അവരില്‍ സംഭവിച്ചതായി മനസിലായി. പിന്നീട് കിഡ്‌നി ബയോപ്‌സിയിലൂടെയും ഇത് സ്ഥിരീകരിച്ചു’ – നോബിള്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്‍റ് ഫിസിഷ്യനുമായ ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.
‘യുവതിക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായിരുന്നു. HUS രോഗനിര്‍ണയത്തിനു ശേഷം പ്ലാസ്മാഫെറെസിസ് ഉടനടി ആരംഭിച്ചു. . പ്ലാസ്മാഫെറെസിലൂടെ അശുദ്ധമായ പ്ലാസ്മ ഒരു പ്രത്യേക പ്ലാസ്മ-ഫില്‍റ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയും ആരോഗ്യകരമായ പ്ലാസ്മ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
യുവതി ഡയാലിസിസില്‍ തുടര്‍ന്ന ആറാഴ്‌ചയ്‌ക്കുള്ളില്‍ മൂത്രത്തിന്റെ അളവ് മെച്ചപ്പെടുകയും ഡയാലിസിസ് നിര്‍ത്തുകയും ചെയ്‌തു. ഇപ്പോള്‍ സുഖമായിരിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം വീണ്ടെടുത്തതിനാല്‍ ഇപ്പോള്‍ ഡയാലിസിസ് ആവശ്യമില്ല. വളരെ അപൂര്‍വമായ കേസാണിത്. ഇന്‍ഡ്യന്‍ ജേണല്‍ ഓഫ് നെഫ്രോളജിയില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ അനുസരിച്ച്, ലോകമെമ്ബാടും 30-ല്‍ താഴെ മാത്രമേ ഇത്തരം കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളൂ’ – ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.