ദുബായ് 24എച്ച് കാറോട്ട മത്സരത്തില്‍ നടന്‍ അജിത്ത് കുമാറിന്റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. ദുബായ് ഓട്ടോഡ്രോമിലാണ് കാര്‍ റേസിംഗ് നടന്നത്. അജിത്തിന്റെ ടീം മൂന്നാമതായി ഫിനിഷ് ചെയ്ത വിവരം അടുത്ത വൃത്തങ്ങള്‍ എക്‌സിലൂടെ അറിയിക്കുകയായിരുന്നു.
അജിത്തും ടീമംഗങ്ങളും വിജയം ആഘോഷിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ട്രോഫി വാങ്ങാനായി ഇന്ത്യന്‍ പതാകയുമേന്തി അദ്ദേഹം വേദിയിലേക്ക് എത്തുന്ന വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
2024 സെപ്റ്റംബറിലാണ് താരം ‘അജിത് കുമാര്‍ റേസിംഗ്’ എന്ന റേസിംഗ് ടീം സ്ഥാപിച്ചത്. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയാന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പമാണ് അദ്ദേഹം മത്സരത്തില്‍ പങ്കെടുത്തത്. നടന്‍ആര്‍ മാധവനും റേസിംഗ് കാണാനെത്തിയിരുന്നു. റേസിംഗിന് ശേഷം അജിത്തിനോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
’’ നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. എന്തൊരു മനുഷ്യനാണ് നിങ്ങള്‍. ഒരേയൊരു അജിത്ത് കുമാര്‍,’’ എന്നാണ് മാധവന്‍ എക്‌സില്‍ കുറിച്ചത്.
നേരത്തെ റേസിംഗ് പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം പലതവണ തലകുത്തി മറിഞ്ഞു. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ അജിത് സുരക്ഷിതനാണെന്നും അപകടത്തിന് പിന്നാലെ അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിധേയനായെന്നും അദ്ദേഹത്തിന്റെ മാനേജറും പറഞ്ഞിരുന്നു.