പാലക്കാട്: കാറ്റിൽ നിയന്ത്രണം വിട്ട് ഇന്ധനം തീർന്ന ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻ തോട് പാട്തതിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് പൊള്ളാച്ചിയിൽ നടത്തുന്ന രാജ്യാന്തര ഹോട്ട് എയർ ബലൂൺ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ബലൂൺ പറപ്പിക്കലിനിടെയായിരുന്നു അപകടം. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ടു പെൺകുട്ടികളും ബലൂൺ പറക്കലിനു നേതൃത്വം നൽകുന്ന രണ്ടു പേരുമായിരുന്നു ബലൂണിനുള്ളിൽ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്. ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു സംഭവം. ഭീമൻ ബലൂണിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ അപകടത്തിൽ നിന്നാണ് യാത്രികർ രക്ഷപ്പെട്ടത്. ബലൂണിൽ നിന്നും ഇറങ്ങിയവർ ലൊക്കേഷൻ അയച്ചുകൊടുത്തതിനെ തുടർന്നാണ് തമിഴ്നാട്ടിൽ നിന്നു പൊലീസും കമ്പനി അധികൃതരും സ്ഥലത്തെത്തിയത്.
കാറ്റിന്റെ ഗതിയിൽ വടക്കോട്ട് പറന്ന ബലൂൺ തെക്കു ഭാഗത്താണ് പറന്നിരുന്നതെങ്കിൽ വെങ്കലക്കയം ചെക്ക് ഡാമിൽ പതിക്കുമായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബലൂൺ പറന്നിറങ്ങിയ പാടത്തിന് 125 മീറ്ററിനുള്ളിൽ വെങ്കലക്കയം ഏരിയാണ്. ഏരിയിൽ കാർഷികാവശ്യത്തിനു വെള്ളം നിറച്ചിരിക്കുന്ന സമയമാണിത്. ബലൂൺ തമിഴ് നാട്ടിൽ നിന്ന് അതിർത്തി താണ്ടി പാലക്കാട്ടേക്ക് എത്തുമ്പോൾ പൊലീസിനെയോ അഗ്നിരക്ഷാ സേനയെയോ വിവരം അറിയിക്കാഞ്ഞതു ഗുരുതരവീഴ്ചയാണെന്നു നാട്ടുകാർ ആരോപണം ഉന്നയിച്ചു.
സാധാരണ നിലയിൽ ബലൂൺ ഇത്രയും ദൂരം പോകാറില്ലെന്നും കാറ്റ് അധികമായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊള്ളാച്ചി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. പൊലീസും സംഘാടകരും വന്ന വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബലൂണ്‍ കയറ്റി കൊണ്ടുപോയി.