നിലമ്പൂർ മുത്തേടത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മുത്തേടം ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52) ആണ് മരിച്ചത്. വീടിന് പിറകിലുള്ള വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോൾ ആന പിറകിൽ നിന്നും അടിച്ചു വീഴ്തുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻതന്നെ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്ത് ദിവസം മുൻപ് നിലമ്പൂർ കുരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മണി എന്ന ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾക്കു കൂടെ ജീവൻ നഷ്ടപ്പെട്ടത്. കളക്ടർ എത്താതെ സരോജിനിയുടെ മൃതദേഹം എടുക്കാനാകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ടതിനുശേഷം സ്ഥലത്ത് വലിയ പ്രതിഷേധം നടക്കുകയും പിവി അൻവറിന്ൻെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി പിവി അൻവറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.