Wednesday, February 5, 2025

HomeWorldMiddle Eastസൗദി അറേബ്യ വിദേശ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നിയമങ്ങള്‍  കര്‍ശനമാക്കി

സൗദി അറേബ്യ വിദേശ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നിയമങ്ങള്‍  കര്‍ശനമാക്കി

spot_img
spot_img

വിദേശ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. ഇന്ത്യന്‍ തൊഴിലാളികളുടെ എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആറ് മാസം മുമ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ജനുവരി 14 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങി.

ഇന്ത്യന്‍ തൊഴിലാളികളുടെ യോഗ്യതകള്‍ ഉറപ്പാക്കുന്നതിന് മതിയായ യോഗ്യതയുള്ള പരിശീലന കേന്ദ്രങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ ഈ നീക്കം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. സൗദിയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവ് ഇത് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗദിയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. 2024ലെ കണക്ക് അനുസരിച്ച് 24 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 16 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലും 7.85 ലക്ഷം പേര്‍ വീട്ടുജോലിക്കാരായുമാണ് പ്രവര്‍ത്തിക്കുന്നത്. 26.9 ലക്ഷം പ്രവാസി തൊഴിലാളികളുമായി ബംഗ്ലാദേശാണ് മുന്നിലുള്ളത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ സൗദി അറേബ്യയുടെ തൊഴില്‍ വിപണിയുടെ നിര്‍ണായക ഭാഗമായി തുടരുകയാണ്. ഇതിനിടെ സൗദിയുടെ വിഷന്‍ 2030 ന്റെയും കൂടുതല്‍ പൗരന്മാരെ തൊഴില്‍ മേഖലയില്‍ നിയമിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായി അവിടുത്തെ തൊഴില്‍ മേഖല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് രേഖകളുടെ പരിശോധന കര്‍ശനമാക്കുന്നത്.

രാജ്യത്തിന്റെ തൊഴില്‍ വിപണിയിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കാനും തൊഴിലാളികളെ നിലനിര്‍ത്തുന്ന നിരക്ക് മെച്ചപ്പെടുത്താനുമാണ് സൗദി ലക്ഷ്യമിടുന്നത്. അതിനാല്‍, തൊഴില്‍ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ കര്‍ശനമായി പരിശോധിച്ച് വരികയാണ്.

പ്രവാസി ജീവനക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കാന്‍ സ്ഥാപന ഉടമകളെയും എച്ച്ആര്‍ വകുപ്പുകളെയും സര്‍ക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നീക്കത്തിലൂടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുകയും രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

തൊഴില്‍ വിസ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ഇന്ത്യയിലെ സൗദി മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തൊഴില്‍ വിസ നല്‍കുന്നതിന് പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, അപേക്ഷകര്‍ക്ക് വേരിഫിക്കേഷന്‍ ലഭിക്കാന്‍ മതിയായ പരിശോധനാ കേന്ദ്രങ്ങൾ ഇല്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

‘‘കാര്‍ ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് സെന്ററുകള്‍ രാജസ്ഥാനിലെ അജ്മീറിലും സിക്കാറിലുമാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ഈ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകും,’’ രാജ്യസഭാംഗമായ ഹാരിസ് ബീരാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, സൗദിയുടെ ഇത്തരം നടപടി ക്രമങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥയില്‍ പുരോഗതിക്ക് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘‘തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ പ്രാരംഭ ഘട്ടം തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ സൗഹാര്‍ദപരമായ ഒരു പരിഹാരത്തിലെത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു മധ്യസ്ഥ പ്രക്രിയയാണ്. ഇത് പരാജയപ്പെട്ടാല്‍ കേസ് ലേബര്‍ കോടതിയിലേക്ക് മാറ്റും. അതിനാല്‍, ഇത് ഒരു കാര്യക്ഷമമായ പ്രക്രിയയാണ്,’’ വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
സൗദി അറേബ്യയില്‍ സ്ത്രീകളുടെ തൊഴിലിനെ പിന്തുണയ്ക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments