തിരുവനന്തപുരം: വിമാനം വൈകിയതിന് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് എയര്‍ ഇന്ത്യക്ക് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റെ(എസ് സിഡിആര്‍സി) ഉത്തരവ്. 2016 ഓഗസ്റ്റിലാണ് സംഭവം. അന്ന് ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടുകയായിരുന്ന കീര്‍ത്തന രവി, ഗോപിക, അപര്‍ണ ബാബു എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
2016 ഓഗസ്റ്റ് 24ന് ചൈനയ്ക്ക് പോകുന്നതിനായി തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്നുപേരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവിടെ നിന്ന് കൊല്‍ക്കത്തയിലേക്കും തുടര്‍ന്ന് ചൈനയിലേക്കുമുള്ള കണക്ഷന്‍ വിമാനങ്ങളിലാണ് അവർ യാത്ര ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍, അന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് എയര്‍ ഇന്ത്യയുടെ വിമാനം വൈകുന്നതായി വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ യാത്ര മാറ്റി വയ്ക്കുമായിരുന്നു. എയര്‍ ഇന്ത്യയുടെ ഈ പ്രവര്‍ത്തികാരണം 2016 സെപ്റ്റംബര്‍ 1 വരെ വളരെ പ്രധാനപ്പെട്ട ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു വിമാനത്തിന്റെ ഷെഡ്യൂള്‍ ചെയ്ത സമയം. ഒന്നര മണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്. തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു പോന്നു.
പരാതിക്കാരില്‍ രണ്ടുപേര്‍ ഐബിഐബിഒയില്‍ നിന്ന് ഓണ്‍ലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 23ന് ഏഴ് മണിക്കാണ് ഷെഡ്യൂളിലെ മാറ്റം അന്തിമമായി തീരുമാനിച്ചത്. ഇത് പ്രകാരം അവര്‍ക്ക് എസ്എംഎസ് അയച്ചു. കോള്‍ സെന്ററില്‍ നിന്ന് ഒരാളെ മാത്രമെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയു. തുടര്‍ന്ന് അവരെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. പരാതിക്കാരില്‍ മൂന്നാമത്തെയാള്‍ ഒരു അയാട്ട(IATA) ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഏജന്റിന്റെ നമ്പര്‍ മാത്രമാണ് തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നതെന്നും അതില്‍ വളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ആദ്യത്തെ രണ്ട് പേര്‍ക്ക് ടിക്കറ്റിനായി ഈടാക്കിയ തുക റീഫണ്ട് ചെയ്ത് നല്‍കി. എന്നാല്‍, മൂന്നാമത്തെയാള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയ ഏജന്റ് തുക റീഫണ്ട് ചെയ്ത് നല്‍കാന്‍ പരാജയപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തിന്റെ യാത്രാ സമയം വൈകിയത് സംബന്ധിച്ച് പരാതിക്കാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കാത്തതില്‍ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി കമ്മിഷന്‍ കണ്ടെത്തി. അറിയിപ്പ് നല്‍കിയതായുള്ള തെളിവുകള്‍ എയര്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. നഷ്ടപരിഹാരത്തിന് പുറമെ, പരാതിക്കാര്‍ക്ക് ചെലവിനത്തില്‍ 5000 രൂപ കൂടി നല്‍കാനും കമ്മിഷന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.