ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത 27 ശതമാനം കൂടുതലാണെന്ന് പഠനം. ഒറ്റപ്പെടല്‍ അനുഭവിക്കാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത 13 ശതമാനം മുതല്‍ 27 ശതമാനം വരെയാണെന്ന് ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഹൃദ്രോഗ സാധ്യത ഏറ്റവും കൂടുതലെന്നും പഠനം പറയുന്നു.
സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പൊതുജനാരോഗ്യ ആശങ്കകളായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഈ മഹാമാരിക്കാലത്ത്. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, മോശം ആഹാരക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒരു കാരണമായി വളര്‍ന്നു വരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
” കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒട്ടേറെപ്പേര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കും. ഹൃദയാരോഗ്യത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് എത്രത്തോളം ബാധിക്കുമെന്നും ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്” -പഠനത്തിന് നേതൃത്വം നല്കിയ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ ഡിയാഗോയിലെ ഗവേഷക നതാലി ഗോളാസ് സ്യൂവ്സ്കി പറഞ്ഞു.