കൊല്ലം: കുണ്ടറയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കുട്ടിയുടെ മുത്തച്ഛന് 3 ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 2017 ലാണ് സംഭവം. പീഡനത്തിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. പത്തും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തിൽ മനംനൊന്ത് 10 വയസ്സുകാരി തൂങ്ങിമരിച്ചുവെന്നുമായിരുന്നു കേസ്.
പൊലീസ് അന്വേഷണത്തിലെ വീഴ്ചയിൽ ഏറെ വിവാദമായ കുണ്ടറ പോക്സോ കേസിൽ പ്രതി കുറ്റക്കാരനെന്ന് രാവിലെ കോടതി വിധിച്ചിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല. പോക്സോ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരൻ ആണെന്നാണ് കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതി ജഡ്ജ് അഞ്ജു മീര ബിർല വിധിച്ചത്.