കൈറോ: അമേരിക്കൻ വംശജൻ ഉൾപ്പെടെ മൂന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചു. ഇതിനു പകരമായി 369 ഫലസ്തീൻ തടവുകാരെയാണ് മോചിപ്പിക്കുക.യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, അലക്സാണ്ടർ ട്രൂഫനോവ് എന്നീ മൂന്ന് ബന്ദികളെ ഖാൻ യൂനിസിൽ വെച്ച് റെഡ് ക്രോസിന് കൈമാറുകയായിരുന്നു. ബന്ദികൈമാറ്റത്തിൻ്റെ ആറാംഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനിടെ ഇസ്രയേലുമായി തർക്കം രൂക്ഷമായ തിനെ തുടർന്ന് ബന്ദി മോചനം സാധ്യമല്ലെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഹമാസ് ഗസ്സയിലെ ഖാൻ യൂനിസിൽ തടവിലാക്കിയ മൂന്ന് പേരെയാണ് വിട്ടയച്ചത്. ബന്ദികളെ സ്വീകരിച്ചതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. വിട്ടയച്ച ബന്ദികളെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണെന്ന് സൈനികവൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ മൂന്ന് പേരെയും കൈമാറാൻ ശനിയാഴ്ച വരെയായിരുന്നു ഇസ്രായേൽ നൽകിയ സമയപരിധി.
വിട്ടയച്ച മൂന്ന് തടവുകാരും ഭേദപ്പെട്ട ശാരീരിക നിലയിലാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, ഇതുവരെ 21 ഇസ്രായേൽ ബന്ദികളേയും 730ലധികം പലസ്തീൻ തടവുകാരേയും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് മോചിപ്പിച്ചിട്ടുണ്ട്. ഹമാസും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തലിൻ്റെ ഭാഗമായാണ് ബന്ദികളെ മോചിപ്പിക്കുന്നത്.