കാനഡയിലെ ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം തലകീഴായി മറിഞ്ഞത് ഏറെ ഭീതി പടര്‍ത്തിയിരുന്നു. ഫ്‌ളൈറ്റിലെ നാല് ജീവനക്കാര്‍ ഉള്‍പ്പെടെ 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. അപകടത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റ 21 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. പരിക്കേറ്റവരില്‍ ഒരാളൊഴികെ മറ്റെല്ലാവരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ഡെല്‍റ്റ അറിയിച്ചു.
അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് 26 ലക്ഷം രൂപ (30000 ഡോളര്‍) നഷ്ടപരിഹാരം നല്‍കുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനം തലകീഴായി മറിഞ്ഞതോടെ യാത്രക്കാരില്‍ പലരും വിമാനത്തിനുള്ളില്‍ വവ്വാലിനെ പോലെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യാത്രക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വക്താവ് മോര്‍ഗന്‍ ഡ്യൂറന്റ് അറിയിച്ചു. എല്ലാ യാത്രക്കാരെയും സംഭവത്തിലുള്‍പ്പെട്ട വിമാനത്തിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ സിഇഒ എഡ് ബാസ്റ്റ്യന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
’’ ഈ സമയത്ത് യാത്രക്കാരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാകാര്യങ്ങളും ചെയ്യും. ഡെല്‍റ്റയുടെ എല്ലാവിധ പ്രാര്‍ത്ഥനകളും അവര്‍ക്കൊപ്പമുണ്ട്. അപകടം നടന്നയുടനെ യാത്രക്കാരെയും ജീവനക്കാരെയും പരിചരിച്ച മെഡിക്കല്‍ സംഘത്തിനോട് നന്ദി പറയുന്നു,’’ അദ്ദേഹം പറഞ്ഞു.
76 യാത്രക്കാരും നാല് ജീവനക്കാരുമായി മിനിയാപോളിസില്‍ നിന്ന് ടൊറന്റോയിലേക്ക് പറന്ന ഡെല്‍റ്റ 4819 വിമാനമാണ് തല കീഴായി മറിഞ്ഞത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12: 45 ഓടെയാണ് അപകടം നടന്നത്. മഞ്ഞുമൂടിയ റണ്‍വേയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.