പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആർബിഐ മുൻ ഗവർണർ ശക്തികാന്ത് ദാസിനെ നിയമിച്ചു. നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം.
1980 ബാച്ച് തമിഴ്നാട് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത് ദാസി 2018 ഡിസംബറിറിലാണ് ആർബിഐ ഗവർണറായി നിയമിതനാകുന്നത്. ആർബിഐ ഗവർണറായി സേവനമനുഷ്ടിച്ച ആറുവർഷക്കാലം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നൂതന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ൻ യുദ്ധം തുടങ്ങിയ ആഗോള പ്രതിസന്ധിക്കാലത്ത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വെല്ലുവിളി നേരിട്ടപ്പൊഴും ശക്തികാന്ത് ദാസിന്റെ നൂതനാശയങ്ങൾ രാജ്യത്തിന്റ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ധനകാര്യം, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യ തുടങ്ങിയ മേഖലകളിലായി നാലു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ശക്തികാന്ത ദാസ്.
അതേസമയം, നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ കാലാവധി ഒരു വർഷത്തേക്കും നീട്ടി. 1987 ബാച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ബിവിആർ സുബ്രഹ്മണ്യത്തെ 2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നിതി ആയോഗ് സിഇഒ ആയി നിയമിച്ചത്. ബിവിആർ സുബ്രഹ്മണ്യത്തിന്റെ കാലാവധി 2025 ഫെബ്രുവരി 24 മുതൽ ഒരു വർഷത്തേക്കാണ് നീട്ടിയത്.