ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ഛാവ.ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ ജീവിതത്തെ ആസ്പദമാക്കി ബിഗ് ബഡ്ജറ്റിൽ എത്തിയചിത്രമാണിത് . ഫെബ്രുവരി 14 ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെ ആദ്യ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
കുതിപ്പ് തുടരുന്ന ഛാവ വൈകാതെ അനിമൽ , ബാഹുബലി 2 എന്നീ സിനിമകളുടെ ഹിന്ദി ലൈഫ് ടൈം കളക്ഷനുകളെ മറികടക്കും എന്നാണ് വിലയിരുത്തലുകൾ. ഛാവയുടെ ഈ നേട്ടത്തോടെ തുടർച്ചയായി രണ്ട് 500 കോടി സിനിമകൾ നേടിയ ഏക നിർമാണ കമ്പനിയായി മഡോക്ക് ഫിലിംസ് മാറി. സ്ത്രീ 2 ആണ് ഇതിന് മുൻപ് 500 കോടി കടന്ന മറ്റൊരു മഡോക്ക് ചിത്രം. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്. രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്.