ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയോടുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും ഫലസ്തീന് അനുകൂല റാലികളെ അടിച്ചമര്‍ത്തുന്ന നടപടികളിലും പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ റാലി. റാലിയില്‍ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങളും ഫലസ്തീന് അനുകൂല സമീപനം പുലര്‍ത്തുന്ന കാംപസുകളോടുള്ള പ്രതികാര നടപടികളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. ലോവര്‍ മാന്‍ഹട്ടന്‍ മുതല്‍ വാഷിങ്ടണ്‍ പാര്‍ക്ക് വരെയാണ് പ്രതിഷേധം നടന്നത്. റാലിയില്‍ പങ്കെടുത്ത നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂനിവേഴ്സിറ്റിയുടെ 400 മില്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. സെമിറ്റിക് വിരുദ്ധത ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. കൂടുതല്‍ യൂനിവേഴ്സിറ്റികള്‍ക്ക് നല്‍കിവരുന്ന ഫണ്ട് നിര്‍ത്തലാക്കുമെന്നും സൂചന നല്‍കിയിരുന്നു. ശനിയാഴ്ച കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ മഹ്മൂദ് ഖലീലിനെ ശനിയാഴ്ച കോളജ് ഡോര്‍മിറ്ററിയില്‍ വെച്ച് യു.എസ് ഇമി?ഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു.
യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള ഖലീല്‍. ഖലീലിന്റെ ഫലസ്തീന് അനുകൂല നിലപാടാണ് അറസ്റ്റിന് കാരണം. ഖലീലിന്റെ ഭാര്യക്കും അമേരിക്കന്‍ പൗരത്വമുണ്ട്. ഇവര്‍ എട്ടുമാസം ഗര്‍ഭിണിയുമാണ്.
ജനുവരിയില്‍ അധികാരത്തിലേറിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫലസ്തീന് അനുകൂല പ്രതിഷേധ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട ചില വിദേശ വിദ്യാര്‍ഥികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള ആദ്യ പടിയാണ് ഖലീലിന്റെ അറസ്റ്റ്. കഴിഞ്ഞ ദിവസം കാമ്പസിലെ യഹൂദ വിരുദ്ധത ആരോപിച്ച് കൊളംബിയ യൂനിവേഴ്സിറ്റിക്കുള്ള ഫണ്ടും ഗ്രാന്റും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.