വിവാഹത്തിനുള്ള ലെഹങ്കയുടെ (വധുവിനായുള്ള വിവാഹ വസ്ത്രം) പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ വിവാഹം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ലെഹങ്കയുടെ പേരില്‍ വധൂവരന്‍മാരുടെ കുടുംബങ്ങള്‍ ഏറ്റുമുട്ടിയതോടെയാണ് വിവാഹം മുടങ്ങിയത്. തര്‍ക്കത്തിനിടെ ബന്ധുക്കളിലൊരാള്‍ വാളോങ്ങുകയും ചെയ്തു. ഇതോടെ സംഭവസ്ഥലത്ത് പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ഫെബ്രുവരി 23നാണ് സംഭവം നടന്നത്. അമൃത്സറില്‍ നിന്നാണ് വരന്റെ സംഘം പാനിപ്പത്തിലേക്ക് എത്തിയത്. വധുവിനുള്ള വസ്ത്രങ്ങളുമായാണ് ഇവരെത്തിയത്. എന്നാല്‍ ഈ വസ്ത്രങ്ങള്‍ വധുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് വാങ്ങിയ 40,000 രൂപയുടെ ലെഹങ്ക അണിഞ്ഞേ താന്‍ വിവാഹമണ്ഡപത്തിലെത്തുവെന്ന് വധു നിര്‍ബന്ധം പിടിച്ചു.
വധുവിന്റെ വീട്ടുകാര്‍ നിരവധി ആവശ്യങ്ങളാണ് ഉയര്‍ത്തിയതെന്ന് വരന്റെ കുടുംബം പറഞ്ഞു. ആദ്യം 20,000 രൂപയുടെ ലെഹങ്ക വാങ്ങാമെന്നാണ് ധാരണയായത്. നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളും വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി വരന്‍ പറഞ്ഞു
പിന്നാലെ വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വധുവിന്റെ അമ്മയും രംഗത്തെത്തി. വരന്റെ കുടുംബം വിവാഹത്തിനായുള്ള പൂമാലകള്‍ കൊണ്ടുവന്നില്ലെന്നും അവര്‍ സ്വര്‍ണാഭരണത്തിന് പകരം കൊണ്ടുവന്നത് മുക്കുപണ്ടമായിരുന്നുവെന്നും വധുവിന്റെ അമ്മ പറഞ്ഞു.
ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ബന്ധുക്കളിലൊരാള്‍ വാളോങ്ങി. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹം നിര്‍ത്തിവെച്ചതായി ഇരുകൂട്ടരും അറിയിച്ചു.
’’ ഇരുകൂട്ടരും വിവാഹം നിര്‍ത്തിവെച്ചു. ഞങ്ങള്‍ രണ്ട് കക്ഷികളുമായും സംസാരിച്ചു. ഇരുകൂട്ടരേയും സമാധാനിപ്പിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്തം. അവിടെ പ്രശ്‌നം കേട്ടശേഷം പരിഹാരം നിര്‍ദേശിക്കും,’’ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തു.