ജറുസലേം: ഗാസാ മുനമ്പിലെ പാലസ്തീനികളെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നീക്കാനുളള പദ്ധതി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തയാറാക്കുന്നതായി സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ പലസ്തീന്‍കാരെ പുനരധിവസിപ്പിക്കാന്‍ ഈ രാജ്യങ്ങളുമായി അമേരിക്കയും ഇസ്രയേലും ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
എന്നാല്‍ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ അമേരിക്കന്‍ നിര്‍ദേശം തള്ളിയതായി സുഡാന്‍, സൊമാലിലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കിയെന്നു അസോഷ്യേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ചര്‍ച്ചയെക്കുറിച്ച് സൊമാലിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൊമാലിയയില്‍നിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാന്‍ഡ്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ സുഡാനില്‍ ആഭ്യന്തര അഭയാര്‍ഥികള്‍ 1.2 കോടിയോളം വരും.പലസ്തീന്‍കാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി.ഇതിനിടെ ഗാസയില്‍ ജീവനോടെ ശേഷിക്കുന്ന ഏക അമേരിക്കന്‍ ബന്ദിയായ ഈഡന്‍ അലക്‌സാണ്ടറെ (21) വിട്ടയയ്ക്കാമെന്നു ഹമാസ് സമ്മതിച്ചു.
നാലു ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിക്കുന്നതിനു മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്. മാര്‍ച്ച് 2 മുതല്‍ ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ ഇസ്രയേല്‍ നടപടി പിന്‍വലിപ്പിക്കാനും രാജ്യാന്തര സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു.